Monday, February 14, 2011

പ്രണയവർണ്ണങ്ങൾ !!

അഗ്നിപർവതത്തേക്കാൾ ചൂടുള്ള കൊടുങ്കാറ്റിനേക്കാൾ‍ വേഗമേറിയ, കടലിനേക്കാൾ‍ ആഴമുള്ള മിന്നലിനേക്കാൾ‍ തിളക്കമുള്ള വികാരം... അതാണത്രെ പ്രണയം. നഷ്ടപ്രണയം അയവിറക്കിയ വികാരജീവിയായ കാമുകന്റെ വാക്കുകൾ‍.


കാണുന്നതെല്ലാം സുന്ദരമായി തോന്നുന്ന എല്ലാത്തിനോടും ഇഷ്ടം തോന്നിക്കുന്ന പറഞ്ഞു മനസ്സിലാക്കാൻ‍ കഴിയാത്ത വികാരം. പണ്ടെങ്ങോ വായിച്ചു മറന്ന വരികൾ‍.

പഠിച്ചിരുന്ന കാലത്ത് കണ്മുന്നിലൂടെ കടന്നുപോയ മൂന്നു പെൺ കഥാപാത്രങ്ങ‍ളേയാണ് ഓർ‍മ്മവരുന്നത്‌.

ഞങ്ങൾ‍ ആവേശത്തോടെ ചർ‍ച്ചചെയ്തിരുന്ന പ്രണയത്തിലെ നായിക ലീന, നീണ്ട മിഴികളുള്ള സുന്ദരി, കാന്റീനിലും ബീച്ചിലും കാമുകനൊത്ത് കറങ്ങി നടന്ന്, അച്ഛനെ കൊണ്ടുവന്നാലെ ക്ലാസ്സിൽ കയറ്റു എന്നു വിരട്ടി കയ്യോടെ പിടികൂടിയ പ്രിൻസിപ്പലിനടുത്ത് അച്ഛനെയും അമ്മയെയും കൊണ്ടുവന്ന്‌ അക്കു തന്റെ മാത്രമാണെന്നു പ്രഖ്യാപിച്ച സാഹസിക. കാമുകന്റെ എഴുത്തുകളും കാർ‍ഡുകളും വായിച്ചു കുപ്പിവളകൽ ഉടയുന്നപോലെ പൊട്ടിച്ചിരിക്കാറുള്ള, സപ്തവർ‍ണങ്ങൾ‍ ചാലിച്ച വിവാഹ ദിവസം സ്വപ്നം കണ്ടുനടന്ന പാവം, കാമ്പസ്സിലെ ചൂളമരച്ചുവട്ടിൽ‍ കണ്ണിൽ‍ കണ്ണിൽനോക്കിയിരുന്നു കവിത വിരിയിച്ച പ്രണയിനി. അവസാനം എല്ലാ കഥയിലെയും പോലെ അഞ്ചു വർഷ പ്രണയത്തിനൊടുവിൽ, ജാതകം ചേരാത്ത കല്യാണം വീട്ടുകാർ‍ ഇഷ്ടപ്പെടുന്നില്ല എന്ന മുടന്തൻ‍ ന്യായവും പറഞ്ഞു കാലുമാറിയ കാമുകനെ ഓർ‍ത്ത് കാലം കഴിക്കാതെ മറ്റൊരു വിവാഹം കഴിച്ചു മധുര പ്രതികാരം നടത്തിയവൾ‍, ഇതെന്തേ ഇങ്ങനെ എന്നു പകച്ചു ചോദിച്ച എന്നെ നോക്കി പുഞ്ചിരിച്ച വധുവിന്റെ കണ്ണുകൾ‍ ചെറുതായി നനഞ്ഞിരുന്നു. പക്ഷേ ഇവളെ ഞാന്‍ ധീര എന്നു വിളിക്കും. ശരിയായ പ്രണയത്തിൽ ചതിയില്ല എന്നു മനസ്സിലാക്കിയവൾ‍. നൊമ്പരത്തെ കാറ്റിൽ പറത്തിയവൾ.

‍കോളേജിലെ സുന്ദരനായ, കുബേരനായ പയ്യൻ, എല്ലാ പെൺകുട്ടികളുടേയും ശ്രദ്ധാപാത്രം. അവൻ തന്നെമാത്രമാണിഷ്ടപ്പെടുന്നതറിഞ്ഞ് ഉള്ളിൽ സന്തോഷിച്ച് പക്ഷേ ഒട്ടും പിടികൊടുക്കാതെ അവസാനം അവന്റെ വിവാഹഭ്യർത്ഥനയുടെ നനുത്ത സ്പർശത്തിൽ എല്ലാം അവനു വേണ്ടി ഉപേക്ഷിക്കാൻ തയ്യാറായ ആശ. പ്രേമം അസ്ഥിക്കുപിടിച്ച് നീയില്ലാതെ ഞാൻ ഇല്ല എന്ന അവസ്ഥയിലാണവൾ അറിയുന്നത് കാമുകൺ പണ്ടേ തന്നെ മെഡിക്കൾ കോളേജിൾ പഠിക്കുന്ന മുറപ്പെണ്ണുമായി കല്യാണം ഉറപ്പിച്ചവനാണെന്ന്. അവന്റെ പ്രണയ നാടകത്തിലെ ഒരു തമാശ മാത്രമായിരുന്നു താൻ എന്ന തിരിച്ചറിവിൽ വിഡ്ഢിയാകപ്പെട്ട രോഷത്തിൽ ആത്മഹത്യക്കു ശ്രമിച്ചവൾ . ഇവൾ ഭീരുവാണ്. പ്രണയം വിവാഹമല്ല, പ്രണയം മാത്രമാണെന്നു തിരിച്ചറിയാൻ കഴിയാതെ പോയവൾ,പോയാൽ പോവട്ടും പോടാ എന്നു പാടാൻ കഴിയാതിരുന്നവൾ!

ഒരേ ക്ലാസ്സിൽ ഏഴു കൊല്ലം പഠിച്ച് ഏഴ് കൊല്ലവും പ്രണയിച്ച് കല്യാണം കഴിച്ച് സന്തോഷമായി കഴിയുന്ന നിഷ. എല്ലാ സ്വപ്നങ്ങളും യാഥാർഥ്യമാക്കിയവൽ. ഇപ്പോഴും വിശാലിനെ പണ്ടത്തേക്കാൾ പ്രണയിക്കുന്നു എന്നവകാശപ്പെടുന്നവൾ, രണ്ട് ഓമന കുഞ്ഞുങ്ങളുടെ സന്തോഷവതിയായ അമ്മ. പണ്ടത്തെപ്പോലെ ത്തന്നെ ഇന്നും വിശാലിന്റെ മനസ്സിൽ കവിത വിരിയിക്കുന്നവൾ, ഇതിലെ നായികയെ ഞാൻ സമർത്ഥ എന്നു വിളിക്കും, പ്രണയത്തിന്റെ ചേരുവകൽ ശരിക്കും മനസ്സിലാക്കിയവൾ. എങ്ങിനെ പ്രണയം ആവേശമാക്കാമെന്നറിഞ്ഞവൾ.

സൈബർ യുഗമായാലും ത്രേതാ യുഗമായാലും ശരിയായ പ്രണയം ഒന്നു തന്നെ. തീക്ഷ്ണതയും പരപ്പും, നഷ്ട പ്രണയവും വേദനയും എല്ലാം ഒരു പൊലെ, ചതിയും വഞ്ചനയും എല്ലാ കാലത്തും ഒരു പോലെ. പ്രണയം അവസാനിക്കുന്നില്ല, ഒഴുകിക്കൊണ്ടേ ഇരിക്കുന്നു നദി പോലെ. അതെന്നു തടസ്സപ്പെടുന്നുവോ പിന്നെ അതിനു നില നില്പ്പില്ല. പ്രണയം വിവാഹമല്ല, മറ്റെന്തൊ ആണ്.

എല്ലാ പ്രണയികൾക്കും, പിന്നെ നിനക്കൊരിക്കൽ ഞാൻ ഒരു ഡിസൈനർ സാരി വാങ്ങിത്തരും,മയിപ്പീലി നീല സിൽക്കിൽ അഗ്നി ജ്വാലയുടെ ചുവപ്പും പായലിന്റെ തണുത്ത പച്ചപ്പും കൊന്നപൂക്കളുടെ മഞ്ഞയും പിന്നെ കാണാത്ത ഒരു പാട് വർണ്ണങ്ങളും വാരി വിതറിയ നല്ല ഒരു സാരി എന്നു പറഞ്ഞു മറഞ്ഞു പോയസുഹൃത്തിനും ഇതു സമർപ്പിക്കട്ടെ..ഈ പ്രണയ ദിനവും.


(ഇതു കഴിഞ്ഞ  കൊല്ലം വൈഗ ഓൺലൈനു കൊടുത്തതാണ്,പൊടി തട്ടി ബ്ലോഗിൽ ഇടുന്നു)