Wednesday, September 1, 2010

ഒരു പഴയ ലൈസൻസ് കഥ.

ഇന്നലെ ഒരു ചങ്ങാതി വിളിച്ച് അവൾക്ക് ഇവിടെ ഡ്രൈവിങ് ലൈസൻസ് കിട്ടിയ കാര്യം പറഞ്ഞപ്പോൾ ഞാൻ പണ്ട് നാട്ടിൽ ഡ്രൈവിങ് പഠിക്കാൻ പോയ കാര്യം ഓർക്കുകയായിരുന്നു.

കല്യാണം കഴിഞ്ഞ് NRI ആകാൻ ഒരുങ്ങുന്ന സമയം.2/3 മാസത്തിനുള്ളിൽ എന്റെ വിസ ശരിയാകും.ഭർത്താവ് ലീവ് കഴിഞ്ഞ് തിരികെ പോവുകയാണ്.പുള്ളിക്ക് അതിയായ മോഹം,ഭാര്യ ലൈസൻസ് എടുക്കണം.എന്റെ ഭാര്യക്ക് കാറൊക്കെ പുല്ലാണെന്ന് നാലാളെ കാണിക്കാനാകും (ഇന്നാണെങ്കിൽ “ഒത്താൽ ഒത്തു“ എന്ന് കരുതിയാണെന്ന് സംശയിക്കാമായിരുന്നു!)

അങ്ങിനെ പേരു കേട്ട ഒരു സ്കൂളിൽ ചേർന്നു,അവിടെ പഠിക്കുന്നവർക്ക് ലൈസൻസ് ഉറപ്പാണ്!എന്നെ പ്പോലെ കുറെ നേരം കൊല്ലി ഗൾഫ് “മധുവിധുകുമാരി”മാരുണ്ട്.ടീച്ചർ പെണ്ണാണ്,പക്ഷെ ഒരു ആൺ സ്റ്റൈൽ ആണ് നടത്തവും സംസാരവും എല്ലാം.ഡാൻസു മാഷുമാരില്ലേ ഡാൻസ് ചെയ്ത് ചെയ്ത് അവസാനം ഒരു പെണ്ണ് സ്റ്റൈൽ ,അതു പോലെ.

ടീച്ചർ ആദ്യമേ പറഞ്ഞു എന്റെ ശിഷ്യകൾ 101 ൽ കുറഞ്ഞ് തരാറില്ല(ദക്ഷിണ),ഇനി അതിന്റെ കുറവ് വേണ്ട,കയ്യോടെ 100 ന്റെ പച്ച നോട്ടെടുത്ത് കൊടുത്തു.അങ്ങിനെ പഠനംതുടങ്ങി.

ആദ്യത്തെ മൂന്നാലു ദിവസം ടീച്ചർ ഓടിക്കും,ഞാൻ അടുത്തിരുന്ന് ടീച്ചർ പിടിക്കുന്നതിനൊപ്പം സ്റ്റിയറിങ് പിടിക്കണം. (ആകെ ഒന്നര മാസമേ ക്ലാസ്സുള്ളു,അതും ദിവസം കഷ്ടി 1 മണിക്കൂർ.കൊടുത്ത പൈസക്ക് ടെസ്റ്റ് കഴിച്ച് ലൈസൻസ് എടുത്ത് തരും.ചുരുക്കത്തിൽ ലൈസൻസിനായി അവർക്ക് കാണേണ്ടവരെ “കാണണം” .അതു കഴിഞ്ഞുള്ള പൈസക്കുള്ള പഠിപ്പിക്കലേ ഉള്ളൂ!)

 അങ്ങിനെ 2 ദിവസം കഴിഞ്ഞപ്പോൾ എനിക്ക് തോന്നി ഞാൻ അസ്സലായി വണ്ടി ഓടിക്കുന്നുണ്ടല്ലൊ എന്ന്.,അതും അമ്പാസിഡർ!പിന്നെ ടീച്ചർ സൈഡിൽ ഇരുന്നു,ഞാൻ തനിയെ ഓടിക്കാൻ ശ്രമിച്ചു തുടങ്ങി.അപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് ശരിക്ക് മനസ്സിലായി തുടങ്ങുന്നത്.

കാർ പോകുന്നത് കണ്ടാൽ ഭഗവാനെ ഇതു ഡീസലിനു പകരം സ്മോളാണോ അടിക്കുന്നതെന്ന് തോന്നും.ഞാൻ ലെഫ്റ്റ് എന്ന് വിചാരിച്ചാൽ അതു നേരെ വലത്തോട്ട് പോകും,ബസ്സോ ലോറിയോ കണ്ടാൽ പിന്നെ അതിന്റെ നെഞ്ചത്തോട്ടാകും.

അതോടെ ടീച്ചർ വണ്ടികൾ ഇല്ലാത്ത വഴി തിരഞ്ഞെടുത്തു.അപ്പോൾ അടുത്തപ്രശ്നം,വഴിയരികിലെ വേലിയോ,മതിലോ എന്തിനു പുഴയോ കുളമോ കണ്ടാൽ അങ്ങോട്ടായി.

പിന്നിൽ ഇരിക്കുന്നവർ നല്ല ദൈവ വിശ്വാസികളായി!ടീച്ചർ ആണെങ്കിൽ കയ്യിലുള്ള തെറിയൊക്കെ കഴിഞത് കൊണ്ട് പുതിയ തെറി ഡിക്ഷ്ണറി അന്വേഷിച്ച് തുടങ്ങി.

എങ്കിലും നല്ല ഒരു ഭാര്യയുടെ ക\ടമ ഭർത്താവിന്റെ മോഹങ്ങളൊക്കെ സാധിപ്പിക്കുകയാണെന്ന് മനസ്സിൽ ഉറപ്പിച്ച് പഠനം തകർത്തു.(അങ്ങിനെ പിന്മാറുകയോ,ലജ്ജാവഹം!)

ഇങ്ങിനെ പോയാൽ അമ്പാസിഡർ സമാധി ആയാലോ എന്ന് പേടിച്ച് ടീച്ചർ മാരുതി ഇറക്കി.ഇപ്പോൾ തരക്കേടില്ല..വലിയ പ്രശ്നം ഇല്ലാതെ ഓടിക്കാം(ബ്രേക്ക് വേണമെങ്കിൽ ടീച്ചർ ചവിട്ടട്ടെ!)

അവസാനം ടെസ്റ്റ് കൊടുക്കാനുള്ള ദിവസമായി.3-4 ദിവസം ബാക്കി. ഇനിമുതൽ  T എടുക്കലാണ്.വലിയ ഗ്രൌണ്ടിൽ എല്ലാ വണ്ടികളും,പഠിപ്പിക്കുന്ന ടീച്ചർമാരുമുണ്ട്.എല്ലാവരും തകൃതിയായ പഠനം.ഓട്ടോറിക്ഷ,ബസ്,ലോറി എല്ലാമുണ്ട്.കുറെ ആളുകൾ ഉള്ളതു കൊണ്ട് നമുക്ക് കിട്ടുന്ന സമയം വെറും പത്തോ പതിനഞ്ചോ മിനിറ്റാണ്.അതിനുള്ളിൽ വേണമെങ്കിൽ പഠിച്ചോളണം.

നേരെ പോകാത്ത കാർ ആണ് ഇനി  T പോലെ പോവുന്നത്.കണ്ണ് മഞ്ഞളിക്കുന്ന വെയിൽ.അതിനിടയിൽ ഓട്ടോ  പഠിപ്പിക്കുന്ന മാഷിന് കാർ ഓടിക്കുന്ന പെണ്ണുങ്ങളെ കാണുമ്പോൾ കലി,വീട്ടിൽ പണിയില്ലാത്ത കൊച്ചമ്മമാരൊക്കെ മനുഷ്യനെ മിനക്കെടുത്താൻ കെട്ടിയെടുക്കും എന്നയാൾ പിറുപിറുക്കും.അല്ലെങ്കിലേ മനുഷ്യന് ഭ്രാന്തായി ഇരിക്കുകയാണ്,അതിനിടയിൽ ആണ് അയാളുടെ ചീത്തവിളി(പോടാ തെണ്ടി എന്ന് ഞാൻ മനസ്സിൽ പ്രാവും)

ലേണേഴ്സ് പിന്നെ ഒരു പ്രശ്നമായിരുന്നില്ല.ടീച്ചർ 2/3 സിഗ്നൽ പറഞ്ഞ് തന്നു,അതു തന്നെ അവിടത്തെ ഓഫീസർ ചോദിച്ചു.ഇതു പക്ഷെ T  ഇല്ലാതെ ഒരു രക്ഷയുമില്ല.(റോഡിൽ നേരെ നോക്കി ഓടിച്ചാൽ പോരെ,അല്ലാതെ T യും X  ഉം ഒക്കെ ഓടിച്ച് മനുഷ്യനെ മിനക്കെടുത്തുന്നതെന്തിനാണ്. T കണ്ടു പിടിച്ചവന്റെ തലയിൽ ഇടി ത്തീ വീഴട്ടെ)

2 ദിവസത്തെ ക്ലാസ്സ് തന്ന് ടെസ്റ്റിനു കാണാമെന്ന് പറഞ്ഞ് ടീച്ചർ സ്ഥലം വിട്ടു.അങ്ങിനെ ടെസ്റ്റ് ദിവസം എത്തി.ആദ്യം റോഡ് ടെസ്റ്റ് ആണ്.അതു നമ്മുടെ വലിയ സാർ മുൻപിൽ വന്നിരുന്ന് ഗിയർ 1ൽ,2 ൽ എന്നൊക്കെ പറഞ്ഞ് ചെയ്യിപ്പിച്ചു.സംഭവം ഡബിൾ ഓക്കെ.അങ്ങോർക്ക് ജീവനിൽ കൊതിയുള്ളത് കൊണ്ട് ഒരു മൂന്ന് നാലു മിനിറ്റിൽ കാര്യം അവസാനിപ്പിച്ചു.

ഇനി ഗ്രൌണ്ടിൽ ആണ്,പൂരത്തിന്റെ തിരക്ക്.എല്ലാ സ്കൂളുകളിലേയും സ്റ്റുഡൻസും,ടീച്ചർമാരും ഒക്കെ ഉണ്ട്.. ആദ്യം നമ്മുടെ സ്കൂൾ ആണ്,ഇന്നു വരെ T ശരിയാകാത്ത എനിക്ക് ഉള്ള ജീവനും പോയി.ആകെ പരവേശം,വെള്ളം കുടിക്കണം, വെള്ളം കുടിച്ചാൽ ചർദ്ദിക്കുമോ എന്ന് സംശയം.ബാത് റൂമിൽ പോവണം,ആകെ വിയർക്കുന്നു,പക്ഷെ കയ്യൊക്കെ തണുത്ത് മരവിച്ചിരിക്കുന്നു.,ഇതാണോ ഈശ്വരാ ഹാർട്ട് അറ്റാക്ക്?

.സ്വാഭാവികമായി പെൺപിള്ളാരുടെ ടെസ്റ്റെടുക്കൽ കാണാൻ ചേട്ടന്മാരുടെ ഉന്തും തള്ളുമാണ്.എന്റെ ഊഴമായി.കാർ ഫസ്റ്റ് ഗിയറിൽ ഇട്ട് ആക്സിലേറ്റർ കൊടുത്തു.കാർ പോകുന്ന കണ്ടാൽ തോന്നും അത് കഴിഞ്ഞ ജന്മത്തിൽ കുതിര ആയിരുന്നുവെന്ന്,നേരെ പോകുന്നതിനു പകരം ചാടി ചാടി പോകുന്നു.ബ്രേക്ക് ചവിട്ടി നിറുത്തി.അസിസ്റ്റന്റ് ഓഫീസർ ആണ്,അയാൽ ഒരു ചാൻസ് കൂടെ തന്നു.

പുറത്താണെങ്കിൽ ചേട്ടന്മാരുടെ കൂട്ട ചിരി.അഴകിയരാവണനിൽ ഇന്നസെന്റ് പറയുന്ന പോലെ “ഈ ചെറ്റകളോട് ഒന്ന് ചിരിക്കാതിരിക്കാൻ പറ,അതാണെന്റെ പ്രശ്നം” എന്നുറക്കെ പറയണമെന്നുണ്ട്.രണ്ടാമതും ശ്രമിച്ചുഇപ്രാവശ്യം പക്ഷെ കുറെ ഓഡിയൻസിനെ കിട്ടിയ സന്തോഷത്തിൽ ആണെന്ന് തോന്നുന്നു,കാർ വാണം വിട്ട പോലെ ഒരു പോക്ക്,എല്ലാ കമ്പികളും തട്ടി തെറിപ്പിച്ചു.ഒന്നും ബാക്കി ഇല്ല!

നിർത്തിയപ്പോ ൾ അസിസ്റ്റന്റ് ഓഫീസറുടെ കമന്റ് ഒരു കമ്പിയെങ്കിലും ബാക്കി വെച്ചിരുന്നെങ്കിൽ ഞാൻ ലൈസൻസ് തന്നേനെ എന്ന്.(വലിയ ഒരു തമാശക്കാരൻ!)

ഇനി അടുത്ത തവണ ടെസ്റ്റ് കൊടുക്കാം,പക്ഷെ ടീച്ചർ ക്ലാസ്സ് തരില്ല,  തനിയെ ശ്രമിക്കണം.ഗ്രൌണ്ടിൽ ചെന്നാൽ കാർ കിട്ടും. പിന്നെ വാശി ആയിരുന്നു,നട്ടുച്ച വെയിലത്ത് ബുദ്ധിമുട്ടി ഓടിക്കുന്നത് കണ്ട് അനുകമ്പ തോന്നി ഓട്ടോ മാഷ് വന്ന് പുറത്ത് നിന്ന് നിർദ്ദേശങ്ങൾ തന്നു.പുറമേക്ക് പരുക്കന്മാരായ പലരും വളരെ നല്ലവരായിരിക്കുമെന്ന് അന്ന് മനസ്സിലായി.അടുത്ത പ്രാവശ്യം ലൈസൻസ് കിട്ടുമെന്ന് അവർക്ക് ഉറപ്പുള്ള ഒരു സ്റ്റുഡന്റ് ഞാൻ ആയിരുന്നു.പെർഫക്റ്റായി ടെസ്റ്റ് കൊടുത്തു  എന്ന് പലരും അഭിനന്ദിച്ചു.

14 comments:

  1. സീമ മേനോൻSeptember 1, 2010 at 9:29 PM

    എന്നിട്ട് ലൈസൻസ് കിട്ടിയോ? അതൊ കാറിനു പകരം ഒട്ടോറിക്ഷ ലൈസൻസ് എടുത്തൊ?

    ReplyDelete
  2. സ്മാള്‍ അടിക്കുന്ന കാറ് .
    അത് രസായി,

    ReplyDelete
  3. bt... isnt it "H", which's shape we need to drive d vehicle to get license?? or is changed. T seems to be much simpler ....

    ReplyDelete
  4. നല്ല പിടക്കുന്ന(കുറച്ച് പഴക്കംകാണും!) ഒരു കാർ ലൈസൻസ് നാട്ടിലെ പെട്ടിയിൽ വെച്ച് പൂട്ടിയിട്ടുണ്ട്!നാട്ടിൽ പോയാലും പുറത്തെടുക്കാറില്ല..(ലോകാ സമസ്താ സുഖിനോ ഭവന്ദു!!)അഭിപ്രായത്തിന് നന്ദി സീമ.

    ചെറുവാടി, ബ്ലോഗിൽ വന്നതിനും അഭിപ്രായത്തിനും ഒരുപാട് നന്ദി.

    രാഹുൽ നന്നായി ഓടിക്കുന്നവർക്ക് എല്ല്ലാം എളുപ്പമാണ്(വല്ലഭന്(വെല്ല്ലവനും)പുല്ലും ആയുധം!

    ReplyDelete
  5. ഈ ഡ്രൈവൈങ്ങ് പഠനം വളരെ ഇഷ്ടമായി. നല്ല ചാരുതയാര്‍ന്ന എഴുത്ത്. അഭിന്ദനങ്ങള്‍..
    ഞാന്‍ ഗള്‍ഫില്‍ വന്നാണ് ഡ്രൈവിങ്ങ് “പഠിച്ചത്”. അത് വളരെ സംഭവബഹുലമായിരുന്നു. വായിച്ചു നോക്കാം. ഡ്രൈവിങ്ങിന്റെ‍ അറേബ്യന്‍ പാഠങ്ങള്‍

    ReplyDelete
  6. ഇവിടെ വന്നതിനും അഭിപ്രായത്തിനും ഒരു പാട് നന്ദി ബിജുകുമാർ.

    ReplyDelete
  7. നല്ല രസകരമായ ഡ്രൈവിങ്ങ് ക്ലാസ്സ്-ഇപ്പോള്‍ തനിയെ ഡ്രൈവ് ചെയ്യുന്നുണ്ടോ?

    ReplyDelete
  8. പിന്നിൽ ഇരിക്കുന്നവർ നല്ല ദൈവ വിശ്വാസികളായി!ടീച്ചർ ആണെങ്കിൽ കയ്യിലുള്ള തെറിയൊക്കെ കഴിഞത് കൊണ്ട് പുതിയ തെറി ഡിക്ഷ്ണറി അന്വേഷിച്ച് തുടങ്ങി.

    വായന രസകരമായിരുന്നു കുറേ ചിരിച്ചു.. ഞാനും കണ്ടിട്ടുണ്ട് ലൈസന്‍സെടുക്കാന്‍ പോയപ്പോള്‍ കുറെ സ്ത്രീകളുടെ പരാക്രമണം. ചിലരെയൊക്കെ കാണുമ്പോള്‍ പാവവും തോന്നും ഇപ്പോള്‍ കരയും എന്ന മട്ടിലാവും അവരുടെ മുഖം ...

    ReplyDelete
  9. ജോ,തൊമ്മി,സുരേഷ് കുമാർ,ഹംസ...ബ്ലോഗിൽ വന്നതിനും അഭിപ്രായത്തിനും ഒരു പാട് നന്ദി..

    ReplyDelete
  10. പൂത്തുമ്പീ, അയ്യോ ഇതെന്താ ഞങ്ങള്‍ കാണാതെ പോയത്.
    എന്തായാലും പൂതുംപിയുടെ വിശേഷങ്ങള്‍ അന്വേഷിചിരങ്ങിയപ്പോ ഒരു ഡ്രൈവിംഗ് പുരാണം കേള്‍ക്കാന്‍ പറ്റിയല്ലോ. സന്തോഷം.
    എന്നിട്ടെന്തായി license കിട്ടിയോ? അതോ ഇനിയും ടെസ്റ്റ്‌ ബാക്കിയുണ്ടോ? ഇതു ജില്ലയിലാണ് ടെസ്റ്റ്‌ എന്ന് പറഞ്ഞാല്‍ ആ വഴി വരാതിരിക്കാമല്ലോ.
    തുമ്പീ സുഖാണോ? അപ്പൊ കാണാം.

    --------
    പുതിയ പുളു കഥ പോരട്ടെ, കാത്തിരിക്കുന്നു.

    ReplyDelete
  11. ഹോ ഹോയ്.........ആരെങ്കിലുമുണ്ടോ ഇവിടെ?

    ReplyDelete