Wednesday, August 11, 2010

പാടാം ഞാനെൻ കണ്മണിക്കായ്.......

അലക്ഷ്യമായി ചാനലുകൾ മാറ്റുന്നതിന്റെ ഇടയിലാണ് ഏഷ്യാനെറ്റിലെ ഒരു ടോക് ഷൊ ഇവളുടെ കണ്ണിൽ പെട്ടത്. വിഷയം വാടക ഗർഭപാത്രം.ചർച്ച മുറുകി വരുന്നു,എല്ലാവരും നല്ല ആവേശത്തിലാണ്!

വാടക ഗർഭ പാത്രത്തിനെ അനുകൂലിച്ചു സംസാരിക്കുന്ന ഡോക്ടറെ ഒരു വക്കീലിന്റെ നേതൃത്വത്തിൽ അമ്മ മാർ “പൊരിക്കു“ന്നു. പൈസ വാങ്ങി ഗർഭം ചുമക്കുന്ന മാതാക്കളുടെ ഹൃദയ നൊമ്പരങ്ങളെ പ്പറ്റി വക്കീലിന്റെ ടീം കത്തി കയറുന്നു.

ഇവൾ മനസ്സിലാക്കിയിടത്തോളം വിവാഹിതരായ കുഞ്ഞു കുട്ടി പരാധീനങ്ങളുള്ള സ്ത്രീകൾ അവരുടെ സ്വന്തം ഇഷ്ട പ്രകാരം നല്ല പ്രതിഫലത്തിന് വേണ്ടി ഇതിനു തയ്യാറായി വരുന്നു(അവിവാഹിതർക്ക് ഈ ബിസിനസ്സിൽ റോളില്ല,വിവാഹിതരായ അമ്മമാർക്ക് മുൻ ഗണന!)

ഡോക്ടർക്ക് പറയാൻ ആകെ ഉള്ളത് എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട ദമ്പതികളു ടെ സങ്കടങ്ങൾ മാത്രം.ഈ കദന കഥകളൊന്നും പക്ഷെ അമ്മമാരുടെ മനസ്സലിയിക്കുന്നില്ല.സഹായത്തിനൊരു പിടി വള്ളി പോലും ഇല്ലാതെ ഡോക്ടർ അക്ഷരാർത്ഥത്തിൽ വെള്ളം കുടിക്കുന്നു!

സംഭവം ആകപ്പാടെ ഇവൾക്കിക്ഷ പിടിച്ചു.കാരണം ഈയിടെ ആയി ഡോക്ടർമാർ മിന്നൽ പണി മുടക്കുനടത്തിയും,കൈക്കൂലി വാങ്ങിയും രോഗികളെ കുറച്ചധികം വെള്ളം കുടിപ്പിക്കുന്നുണ്ട്.അപ്പോൾ ലൈവ് ആയി ഒരു ഡോക്ടർ വെള്ളം കുടിക്കുന്നത് കാണാൻ നല്ല രസം.

സത്യം പറയാമല്ലോ വക്കീൽ ആളൊരു “ഫുലി” തന്നെ.എത്രയോ അനാഥ കുട്ടികൾ ഉണ്ട്, അവർക്കൊരു ജീവിതം കൊടുത്തു കൂടെ,ആ പുണ്യം കിട്ടുമല്ലൊ എന്ന വക്കീലിന്റെ പോയിന്റ് ഉഗ്രൻ.

ഈ കലികാലത്തിലും അനാഥ കുട്ടികലുടെ വേദന മനസ്സിലാക്കാനും അവരെ സ്വീകരിക്കുന്നവർക്ക് ലഭിക്കുന്ന പുണ്യത്തെ പ്പറ്റി ചിന്തിക്കാനും സന്മനസ്സുള്ള അപൂർവം ആളുകളെ ഈ ഭൂമിയിൽ കാണൂ.

വാടക അമ്മമാർ സ്വമനസ്സാലെ എറ്റെടുക്കുന്ന ഗർഭമെന്ന ഡോക്ടറിന്റെ പോയിന്റി നെ വക്കീൽ മലത്തിയടിച്ചു.ഗർഭിണി ആയിരുന്ന കാലത്ത് ഈശ്വര പ്രാർത്ഥനകളിൽ മുഴുകിയതും,നല്ല കുഞ്ഞിനെ സ്വപ്നം കണ്ട് രാപ്പകലുകൾ തള്ളി നീക്കിയതും കുഞ്ഞിന്റെ ആരോഗ്യത്തിന് വേണ്ടി സംഗീതം കേട്ട് മതിമറന്നിരുന്നതും എല്ലാം തന്നെ അമ്മയായ വക്കീൽ വിവരിച്ചപ്പോൾ ഈയുള്ളവൾ കയ്യടിച്ചു


വാടക അമ്മ ഒരിക്കലും ഇതൊന്നും ചെയ്യുകയില്ലല്ലൊ ,കിട്ടാൻ പോകുന്ന കാശു മാത്രം കരുതി സമയം തള്ളി നീക്കും. അമ്മമാരുടെ മാനസിക വ്യാപാരങ്ങളാണല്ലോ കുഞ്ഞിനെ ബാധിക്കുക. അപ്പോഴും വക്കീൽ മറ്റുള്ളവരെ ക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളു! എന്തു വിശാല മനസ്കത!
 
വക്കീലിന്റെ അടുത്ത പോയിന്റാണേറ്റവും കിടിലൻ,അമ്മമാരാകാൻ കഴിയാത്ത സ്ത്രീകളുടെ വേദന,അവരുടെ നഷ്ടങ്ങൾ എല്ലാം തന്നെ അമ്മമാരായവർക്ക് മാത്രമേ മനസ്സിലാവുകയുള്ളു!.
 
പാവം ഡോക്ടർക്ക് അതിനുത്തരമില്ല.സംഭവം കസറി.പുലി ആയി വന്ന ഡോക്ടർ എലിയായി മാറി.എന്തായാലും ഇവൾക്കിതെല്ലാം ഒരു പാട് രസിച്ചു.
 
പക്ഷെ പൊതുവെ മണ്ടി ആയ ഇവൾക്ക് ഉത്തരം കിട്ടാത്ത കുറെ സംശയങ്ങൾ ബാക്കിയായി.
 
ആദ്യതെ സംശയം അനാഥ കുട്ടികൾ,അതായത് ഓർഫനേജിൽ വളരുന്ന കുട്ടികളിൽ ഭൂരിഭാഗവും അമ്മമാർ ആഗ്രഹിക്കാതെ,( ചതികളിലും മറ്റും പെട്ട് )ഗർഭം ധരിക്കുന്നതല്ലെ?അങ്ങിനെയുള്ള കുട്ടികൾ അല്ലെ ഉപേക്ഷിക്കപ്പെടുന്നത്? ആ അമ്മമാരൊക്കെ പാട്ടു കേട്ട് വളരെയധികം സന്തോഷതോടെ യാണോ ഗർഭകാലം ചിലവിടുന്നത്?
 
പണം വാങ്ങുന്നു,അല്ലെങ്കിൽ കൊടുക്കുന്നു എന്നതാണ് പ്രശ്നമെങ്കിൽ ഭാര്യമാരെ ജീവിതകാലം മുഴുവൻ “ചുമക്കാൻ” ആയല്ലെ വരന്മാർ സ്ത്രീധനം വാങ്ങുന്നതും വളരെയധികം സന്തോഷത്തോടെ പലരും അതു കൊടുക്കുന്നതും?(കുറ്റകരം ആണെങ്കിലും) അതല്ലേ ആദ്യം എല്ലാ സ്ത്രീകളും ആവേശത്തോടെ ഒത്തൊരുമിച്ച് അവസാനിപ്പിക്കേണ്ടത്?
 
ഒരു സംശയം കൂടി ഈ മണ്ടൻ തലയിൽ ബാക്കി, ഉള്ളവർക്കാണ് ഇല്ലാത്തവരുടെ വേദന മനസ്സിലാകുക എന്നത്, എന്നും വയറു നിറയെ സദ്യ കഴിച്ച് ഉറക്കം തൂങ്ങുന്നവൻ,ഒരു നേരം പോലും ആഹാരം കിട്ടാതെ വിശന്നു പൊരിഞ്ഞലയുന്നവനെ ഓർത്ത്  കണ്ണീർ പൊഴിക്കുന്നത് പോലെ ബാലിശമല്ലെ??
 
എന്തായാലും വക്കീലിനെ പ്പോലെ, “ഉള്ളവർ“ എല്ലാവരും ചിന്തിച്ചാൽ നാട്ടിൽ പട്ടിണി മരണങ്ങളോ കൂട്ട ആത്മഹത്യകളോ പഠിക്കാൻ കാശില്ലാതെ നട്ടം തിരിയുന്ന കുട്ടികളോ ഉണ്ടാവുകയില്ല തീർച്ച തന്നെ! കാരണം ഉള്ളവർക്കല്ലേ ഇല്ലാത്തവരുടെ വേദന അറിയുക?

2 comments:

  1. agree wit ya lady. If someone avail dis service, and someone else is ready for that for whatever benefits; monetary or non monetary, wt is whole purpose of hulla-bulla over dis issue??

    ReplyDelete
  2. ബ്ലോഗിൽ വന്നതിനൊരുപാട് നന്ദി രാഹുൽ.സമാന ചിന്താഗതിയുള്ള ഒരാളെ കണ്ടതിൽ വളരെ സന്തോഷം.

    ReplyDelete