Wednesday, August 4, 2010

കുറച്ച് പൂച്ച വിശേഷങ്ങൾ.

പൂച്ചകളെ പറ്റി ആധികാരികമായി പറയാൻ യാതൊരു യോഗ്യതയുമില്ലാത്ത ആളാണ് ഞാൻ,കാരണം ഞാനൊരു മൃഗ സ്നേഹിയേ അല്ല പ്രത്യേകിച്ച് പൂച്ച!(ഇനിയിപ്പോൾ ഇതു കേട്ട് മനേക ഗാന്ധി എന്നെ ജയിലിൽ കേറ്റണ്ട)

പണ്ട് പ്രഹ്ലാദന്റെ കഥയിൽ പറയുന്നതു പോലെ ഹിരണ്യ കശിപുവിന്റെ മകനായി ജനിച്ചു വെങ്കിലും അച്ഛന്റേയും അമ്മയുടേയും ഒരു സ്വഭാവവും ഇല്ലാത്ത മകൻ എന്നുതു പോലെ,പട്ടി പൂച്ച മുതൽ പാറ്റ പല്ലികളെ വരെ സ്നേഹിക്കുന്ന അച്ഛൻ അമ്മ ഭർത്താവ് ചേച്ചി എന്നിവരുടെ ഇടയിൽ “പുകഞ്ഞ കൊള്ളി” പോലെ ഈയുള്ളവളും.

രണ്ട് മക്കളും പ്രവാസികളേയും കെട്ടി നാടു വിട്ടതോടെ അച്ചനും അമ്മയും ഒഴുകിവരുന്ന വാത്സല്യ തീ ശമിപ്പിക്കാൻ വീട്ടിൽ ഒരു കണ്ടൻ പൂച്ചയെ വളർത്തി(കണ്ടൻ ആണെന്നറിഞ്ഞില്ലെന്ന അമ്മയുടെ സാക്ഷ്യ പത്രം!!)

ലണ്ടൻ കാരിയായ ചേച്ചി പതിവു പോലെ വെക്കേഷന് അച്ഛനേയും അമ്മയേയും സ്നേഹിച്ച് കൊല്ലാൻ വീട്ടിലെത്തി. തന്റെ സാമ്രാജ്യത്തിലെത്തിയ പുതിയ പാരയെ എന്തായാലും കണ്ടന് തീരെ ബോധിച്ചില്ല.അച്ഛന്റെ തോളിൽ കയറി കിടന്നുള്ള ഉച്ച മയക്കവും,അമ്മയുടെ തേനൂറുന്ന കൊഞ്ചിക്കലുകളുമെല്ലാം കുറയുന്നതിന്റെ ഈർഷ്യയിൽ ആവാം ചേച്ചിയുടെ ചുരിദാർ വലിച്ചിട്ട്  അതിൽ മൂത്രമൊഴിച്ചിടുക, അവളെ കണ്ണുരുട്ടി പേടിപ്പിക്കുക എന്നതൊക്കെ അവന്റെ സ്ഥിരം കലാപരിപാടികൾ ആയി.എന്തായാലും അവളുടെ പ്രാക്കൊ എന്തോ കൂറച്ച് ദിവസം കഴിഞ്ഞപ്പോഴേക്കും പൂച്ചഎങ്ങിനേയോ ചത്ത് പോയി.

അതു കഴിഞ്ഞ് 5-6 മാസം കഴിഞാണ് ഈയുള്ളവളുടെ അവധിക്കാലം.ഞാൻ മതിമറന്ന് സന്തോഷിച്ചു പൂച്ചയുടെ ശല്യം ഇല്ലല്ലോ എന്ന്.

പക്ഷെ വീട്ടിൽ കാലുകുത്തി നോക്കിയപ്പോൾ അവിടെ കണ്ടനു പകരം മറ്റൊരുത്തി സ്ഥലം പിടിച്ചിരിക്കുന്നു,ഒരു വെള്ള കുറിഞ്ഞിയമ്മ.

അവളും ഒരു കുശുമ്പി തന്നെ..പക്ഷെ പാവം ,പെണ്ണല്ലേ ,നേരിട്ടെതിർക്കാൻ ധൈര്യമില്ലാത്തതു കൊണ്ട് അവൾ മ്യാവൂ പറഞ്ഞ് അമ്മയെ ഉരുമ്മിയിരുന്നു എന്നെ കടകണ്ണുകൾ കൊണ്ട് വീക്ഷിക്കും.അമ്മ ചിന്നൂ എന്ന് നീട്ടി വിളിക്കുമ്പോൾ അവളുടെ മാത്രമാണമ്മ എന്ന മട്ടിൽ  അമ്മയെ മാത്രം ശ്രദ്ധിക്കും(നീ പോടീ പുല്ലേ എന്ന മട്ടിൽ വേറെ ആരും കാണാത്ത വിധത്തിൽ എന്നെ നോക്കും..)

രാത്രി ആയാൽ എല്ലാവരും ഊണ് കഴിക്കാനിരുന്നാൽ  ഊണുമേശയുടെ അടിയിൽ സ്ഥലം പിടിക്കും,അച്ഛനെ സോപ്പിട്ട് കിട്ടുന്ന തരികൾ എല്ലാം അകത്താക്കും.ഞാൻ അവളെ ചീത്ത പറയുന്നതൊന്നും തന്നെ അവൾ ഗൌനിക്കാറില്ല.

 അവസാനം എന്റെ ഊണ് കഴിഞ്  പ്ലേറ്റുമായി അടുക്കളയിൽ പോകുമ്പോൾ അവൾ  എന്റെ റൂമിലെ തയ്യൽ മെഷീനു കീഴെ സ്ഥാനം പിടിക്കും.ഞാൻ  പഠിച്ച പണി പതിനെട്ടും നോക്കും അവളെ ഓടിക്കാൻ ,കാരണം രാവിലെ  4 മണിക്ക് അവൾക്ക് പുറത്ത് പോവണം,അതിനായി നമ്മുടെ കാലിൽ  പതുക്കെമാന്തും ബെഡ് റൂമിന്റെ വാതിൽ തുറക്കാൻ.

എന്തോ പൂച്ച യുടെ ഈ കൊഞ്ചലുകൾ ഒന്നും  തന്നെസഹിക്കാനുള്ള ക്ഷമയൊന്നും എനിക്കില്ല..പക്ഷെ തയ്യൽ മെഷീനടിയിൽ ഇരിക്കുന്ന പൂച്ച ഇനി ക്രെയിൻ കൊണ്ട് വന്നു പൊക്കിയാലും ഇളകില്ല,താമസക്കാർ ഇല്ലാത്തതു കൊണ്ട് മുകളിലെ 2 ബെഡ് റൂമും പണ്ടേ സീൽ വെച്ച് കഴിഞ്ഞിരിക്കുന്നു.!ഇനി ഇപ്പോൾ പൂച്ചയോടുള്ള വാശിക്ക് അവിടെ പോയി തനിയെ കിടക്കാമെന്ന് കരുതിയാൽ ,ഒരു ഉൾഭയം!(പേടിയല്ല,ഞാൻ അങ്ങിനെ പേടിക്കുന്ന കൂട്ടത്തിൽ ഒന്നും അല്ല)

ഈ ബഹളമൊക്കെ കേട്ട് അച്ഛനും അമ്മയും അവളുടെ സഹായത്തിനെത്തും,നമ്മൾ സ്ഥിരമായി കിടക്കുന്ന ഭാഗത്ത് നിന്നു മാറി കിടക്കാൻ പറഞ്ഞാൽ ആർക്കെങ്കിലും ഇഷ്ടപ്പെടുമോ എന്ന ചോദ്യത്തിനു മുന്നിൽ എന്റെ സർവായുധങ്ങളും വെച്ച്കീഴങ്ങി ഞാൻ ബെഡ്ഷീറ്റുമെടുത്ത് സിറ്റിങ് റൂമിൽ കൊതുകു കടിയും കൊണ്ട് കിടക്കും പൂച്ച താഴത്തെ ബെഡ് റൂമിലും!(ഒരു പ്ര വാസിയുടെ കഷ്ടപ്പാടുകൾ!)

കഴിഞ്ഞ വേനൽ അവധിക്കെന്തായാലും എന്റെ അമ്മ അമ്മൂമ്മയായി.കുഞ്ഞി പൂച്ചകളെ പറ്റി ഫോണിലൂടെ പറയുമ്പോൾ മകൾ പ്രസവിച്ച ആഹ്ലാദം അമ്മക്ക്!

5 comments:

 1. ''പൂച്ചക്കൊരു മൂക്കുത്തി'' പണിയുമോ അമ്മ?

  ReplyDelete
 2. അടുത്ത തവണ ചെല്ലുമ്പോൾ ഒരു പ്രൈവസിയും തരാത്ത പ്രവാസികൾ എന്ന് പൂച്ച പാരാതി പെടും! ലണ്ടങ്കാരി ചേച്ചിയെ എനിക്കറിയാമെന്ന്. ആ ചുരിദാർ ഇപ്പോഴും അലക്കിയിട്ടില്ലാത്തതിന്റെ സ്മെല്ല് (ഞാൻ ഓടി..)

  ReplyDelete
 3. അജ്ഞാത ഇപ്പോഴും മൂക്കുത്തി ഫാഷൻ തന്നെ? ബ്ലോഗ് വായിച്ചതിന് നന്ദി.

  മയൂര പൂച്ച ഇനി പരാതി പറയില്ല.പരാതിപ്പെട്ടാൽ ക്വട്ടേഷൻ ടീമിനെ ഇറക്കും എന്നു പറഞ്ഞിട്ടുണ്ട്(രഹസ്യമാണ്!)

  ReplyDelete
 4. പൂച്ചപുരാണം കൊള്ളാം. ഇന്നസന്‍റ് എഴുത്ത് (ഇന്നസെന്റ് എഴുതിയത് എന്നല്ല.. ഹി ഹി)

  ReplyDelete
 5. ഹാപ്പി ബാച്ചിലേഴ്സ് ഒരു പാട് നന്ദി...ഇനിയും വരണേ(നിങ്ങളില്ലാതെ എനിക്കെന്താഘോഷം!)

  ReplyDelete