Friday, August 6, 2010

ഒരു പുതിയ തുടക്കം.

നാടു മുഴുവൻ റിയാലിറ്റി ഷോവിന്റെ പിന്നാലെയാണല്ലൊ.ഈയുള്ളവളും കാണാറുണ്ട് പറ്റുന്ന ഷോ ഒക്കെ.പിന്നെ ഇതെല്ലാം തട്ടിപ്പാണ്,നേരം കളയലാണെന്നു വാദിക്കുന്നവർ കാണണ്ട.ഇതിപ്പോൾ ആരെങ്കിലും നിർബന്ധിച്ചോ? ഹല്ല പിന്നെ!

NDTV  സംപ്രേഷണം ചെയ്തിരുന്ന “രാഹുൽ ദുൽഹനിയാ ലേജായേഗ” ഈയുള്ളവൾ ഒരു എപ്പിസോഡും വിടാതെ കാണാറുണ്ട്.ആഹാ എന്തായിരുന്നു നായകന്റെ ആ ഒരു ഇത്.! ഗോപികമാരുടെ ഇടയിൽ രാസലീല ആടി നടക്കുകയായിരുന്നല്ലോ.ഏതോ ഗോപിക പറയുന്നത് കേട്ടു നായകന്റെ ഇഷ്ട ദേവൻ കൃഷ്ണനാണെന്ന്,(അതു കൊണ്ടാകും നായകന് കൃഷ്ണന്റെ ഒരു മട്ടും ഭാവവും  ഏത്?)

ന്യൂസ് ചാനൽ ഇടാൻ വരുന്ന ഭർത്താവിനെ ഒക്കെ ഇവൾ സാമദണ്ഡ കാലു പിടിക്കലുകൾ കൊണ്ട് അസ്ത്ര പ്രജ്ഞനാക്കും.അൽ‌പ്പ വസ്ത്ര ധാരിണികളായ സുന്ദരിമാരുടെ ഇടയിൽ നായകൻ അങ്ങിനെ വിലസുന്നതു കാണുമ്പോൾ ,ഇവർക്കൊന്നും അച്ഛനും അമ്മയും ബന്ധുക്കളും ഇല്ലേ എന്ന് ഇവൾ അൽഭുതപ്പെടാറുണ്ട്.(വെറും ഒരു സാധാരണ വീട്ടമ്മയാണിവൾ ,ബുജികളെ പ്പോലെ ഇതൊന്നും കാണാതിരിക്കാനുള്ള മനോനിയന്ത്രണമൊന്നും ഇല്ലാത്തവൾ!)

നായകനു വേണ്ടി പാചകം ചെയ്യുന്നതും,നായകനു വേണ്ടി നൃത്തം ചെയ്യുന്നതും,നായകനെ ആകർഷിക്കാൻ വേണ്ടി തങ്ങളെ ക്കൊണ്ട് പറ്റാവുന്ന പോലെ പുതിയ കണ്ട് പിടുത്തങ്ങൾ നടത്തുന്നതും(അബ്ദുൾ കലാമിനു പഠിക്കുന്നത്) അവസാനം തന്നെ ആകർഷിക്കാൻ കഴിയാത്തവളെ  കെട്ടിപ്പിടിച്ച് ഉമ്മ വെച്ച് സമാധാനിപ്പിച്ച്  വീർത്ത കണ്ണുകൾ ഒന്നൂടെ ഉരുട്ടി(മയക്കുമരുന്നടിച്ചതാണെന്ന് അസൂയാലുക്കൾ)നായകൻ യാത്രയാക്കുമ്പോൾ “ഇനിയൊരു ജന്മമുണ്ടെങ്കിൽ ‘പാടി പോകുന്ന ഹതഭാഗ്യയെ കണ്ട് ഇവളും നെടു വീർപ്പിട്ടു.(പാവം ഇനി അടുത്ത ജന്മം  വരെ കാത്തിരിക്കണ്ടെ ആ അസുലഭ ഭാഗ്യം ലഭിക്കാൻ!)

പക്ഷെ എന്തായാലെന്താ ഇപ്പോഴത്തെ മലയാളം കോമഡി പരിപാടികൾകാണുന്നതിനേക്കൾ ഇതിൽ ചിരിക്കാൻ വകയുണ്ടായിരുന്നു എന്നാണിവളുടെ പക്ഷം!അവസാനം ആ കൽക്കത്തയിൽ നിന്നുള്ള  നുണക്കുഴിക്കാരി ഡിംപി ഗാംഗുലി ഗോളടിച്ചപ്പോൾ ഈ യുള്ളവൾ വളരെ അധികം സന്തോഷിച്ചു.മരു മകനെ പ്പറ്റിയുള്ള മിസ്റ്റർ ഗാംഗുലിയുടെ പരാമർശങ്ങൾ കേട്ട് ഇവൾ പറഞ്ഞു ആ ഹാ എത്ര ഉദാത്തം.എന്തു നല്ല അമ്മായിഅച്ചൻ!

NDTV ലൈവ് ആയി കല്യാണം കാണിച്ചു.കല്യാണം കഴിഞ്ഞ് നായകന്റെ വക ഡയലോഗ്  ഭാര്യയുടെ മുഖം കാലത്ത് കണി കണ്ടുണരുന്നത് തന്നെ ഒരു ഭാഗ്യമാണെന്ന്.അതു കേട്ട് ഇവൾ “രോമാഞ്ച കഞ്ചുകി”യായി.

കഴിഞ്ഞ ആഴ്ച തല്ലു കൊണ്ട് വീർത്ത ഭാര്യയുടെ മുഖം പത്രത്തിൽ കണ്ടു.ഓ അല്ലെങ്കിലും നായകൻ പറഞ്ഞോ കാലത്ത് എഴുന്നേൽക്കുമ്പോൾ തല്ലു കൊണ്ട  മുഖം കണി കാണാൻ ഇഷ്ടമല്ല എന്ന്?

എന്തായാലും നായകനെ കിട്ടാത്തതു കൊണ്ട് ജീവിതം നായ നക്കി എന്ന് പറഞ്ഞ് കരഞ്ഞ് യാത്ര പറഞ്ഞ സുന്ദരികൾക്കും,NDTV ക്കും കൂടെ ഈയുള്ളവൾക്കും  അടുത്ത പ്രതീക്ഷക്ക് വകയുണ്ടെന്ന് തോന്നുന്നു!

4 comments:

 1. നായിക പിണങി പോവുകയും വിരഹഗാനം പാടാനായി നായകന്‍ ബാക്കിയാവുകയും ചെയ്താലല്ലെ ''ഭാഗം രണ്ടിനു '' സ്കോപുള്ളൂ!

  ReplyDelete
 2. പ്രതീക്ഷകളല്ലേ ജീവിതം!

  ReplyDelete
 3. തീര്‍ച്ചയായും ഇതിന്റെ രണ്ടാം ഭാഗവും മൂന്നാം ഭാഗവും ഷൂട്ടിംഗ് കഴിഞ്ഞെന്നു കേള്‍ക്കുന്നു.
  ചേച്ചിക്ക് ഇതൊക്കെ ഇനീം കണ്ടിരിക്കാം. പാട്ട് realty തട്ടിപ്പിനെക്കള്‍ ഇതാ നല്ലത്. കാണാന്‍ ഒരു അതുണ്ട്, ഏത്? :)

  ആ വഴിയും വരൂ. ദാ ഇവിടെ ക്ലികൂ

  ReplyDelete
 4. എന്തായാലും വന്നില്ലേ, സന്തോഷം. ദാ ഇയാളെ കൂടി പരിച്ചയപെടൂ

  ReplyDelete